2009, മേയ് 29, വെള്ളിയാഴ്‌ച

പ്രതീക്ഷ

കട്ട പിടിച്ച ഇരുട്ടിലാഴ്ന്ന എന്റെ ജീവിതത്തിലേക്ക് വന്ന സ്നേഹത്തിന്റെ പ്രകാശരശ്മി...
സപ്തസ്വരങ്ങൾ മറന്ന എന്റെ മനസ്സിലേക്കൊഴുകി വന്ന ഗാനവീചി...
നിറങ്ങളില്ലാത്ത എന്റെ ലോകത്ത് വിരിഞ്ഞ മഴവില്ല്....
കാലിടറി വീണ എന്നെ വീണ്ടും നടക്കാൻ പഠിപ്പിച്ച എന്റെ കൂട്ടുകാരി...
നീ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഞാൻ മുമ്പോട്ട് നടന്നു...
എവിടെയോ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറേ ദൂരം മുമ്പ് നിന്ന് പോയ നിന്റെ കാല്പാടുകൾ മാത്രം ഞാൻ കണ്ടു...
എന്നെ വീണ്ടും തനിച്ചാക്കി നീ എങ്ങോട്ടേക്കൊ മറഞ്ഞു...
നീ അന്നെന്റെ കാതിൽ മന്ത്രിച്ച ആ മൂന്നക്ഷരം ഇന്നും എന്നെ മുമ്പോട്ട് നടത്തുന്നു.....പ്രതീക്ഷ...

2009, മേയ് 25, തിങ്കളാഴ്‌ച

പാടുന്ന തിരകളുടെ തീരം




ലൊക്കേഷൻ: ചെന്നൈയിൽ നിന്നും 350 കി.മീ. ദൂരെ ഉള്ള തരംഗംബാടി എന്ന സ്ഥലം. 18ആം നൂറ്റാണ്ടിൽ ഒരു ഡാനിഷ് തുറമുഖമായിരുന്നു. ഒരു കോട്ടയും, കല്ലറകളും,കടൽപ്പാലത്തിന്റെ അവശിഷ്ടങ്ങളും പോയ ആ കാലത്തിന്റെ കഥ പറയുന്നു. അവിടുത്തെ തിരകളുടെ സംഗീതം ഇഷ്ടപെട്ട ആരോ അതിനെ പാടുന്ന തിരകളുടെ തീരം എന്നു വിളിച്ചു.....തരംഗംബാടി..

2009, മേയ് 21, വ്യാഴാഴ്‌ച

പൂവായി വിരിയാൻ...

ഒരു മൊട്ടായി ഞാൻ കാത്തിരിക്കുന്നു....
ഒരു പൂവായി വിരിയാൻ....
എന്റെ പരിമളം ഈ ലോകത്തിനു നൽകാൻ...
അതിലൂടെ ഈ ലോകത്തെ ഒരൽ‌പ്പം കൂടി സുന്ദരമാക്കാൻ....
വഴിപോക്കർ എന്നെ കണ്ട് അവരുടെ വിഷമങ്ങൾ നിമിഷനേരമെങ്കിലും മറന്നാൽ...
എന്തിന്റെയൊക്കെയോ പുറകേ ലക്ഷ്യമില്ലാതെ ഓടുന്നവർ ഞൊടിയിട നേരമെങ്കിലും എന്നെ കണ്ടൊന്നു നിന്നാൽ...
നൈമിഷികമായ ഈ ജീവിതം സഫലമെന്നു കരുതി എനിക്കു കണ്ണടയ്ക്കാം....
ഒരു മൊട്ടായി ഞാൻ കാത്തിരിക്കുന്നു...
ഒരു പൂവായി വിരിയാൻ....



വായനാട് സൂചിപ്പാറ വെള്ളചാട്ടത്തിനു സമീപം കണ്ടത്

2009, മേയ് 18, തിങ്കളാഴ്‌ച

കൊച്ചു കൊച്ചു സന്തോഷങ്ങൾ


കോരിച്ചൊരിയുന്ന മഴയത്ത് കൂട്ടുകാരുമൊത്തൊരു യാത്ര...
ജീപ്പിന്റെ സൈഡ് സീറ്റിൽ ഇരുന്നു ശരീരം നനയാതെ മുഖത്ത് കൊണ്ട് മാത്രം ഉള്ള മഴ കൊള്ളൽ...
വഴിയിൽ കണ്ട ഓല മേഞ്ഞ ചായക്കടയിൽ നിർത്തി കട്ടൻ ചായയും പരിപ്പ് വടയും...
മഴയുടെ തണുപ്പും ചായയുടെ ചൂടും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ആ സുഖം....
നിസ്സാരമെന്നു തോന്നുമെങ്കിലും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തരുന്ന ഒരു കൊച്ചു ജീവിത മുഹൂർത്തം.....


വായനാട് യാത്രക്കിടയിൽ എടുത്തത്

2009, മേയ് 15, വെള്ളിയാഴ്‌ച

അമ്പലവിളക്കുകൾ

പൂർണ്ണത്രയീശന്റെ അമ്പലത്തിലെ ഉത്സവം..
മറക്കാനാവാത്ത ഒത്തിരി ഓർമ്മകളുണ്ട് അതിനെ ചുറ്റിപറ്റി....
അമ്പലത്തിനകത്തേക്ക് കയറുമ്പോ ഒരു പ്രത്യേക മണമാണ് ഉത്സവകാലത്ത്
കരിമ്പിന്റെയും നനഞ്ഞ മണ്ണിന്റെയും ആനപിണ്ടത്തിന്റെയും മണങ്ങൾ ചേർന്നുണ്ടാകുന്ന ഒരു പ്രത്യേക മണം..
എം.ബി.ഏക്ക് പഠിക്കാൻ പോയപ്പോളാണ് ആദ്യമായി ഞാൻ ഉത്സവം കൂടാതിരുന്നത്..
പിന്നെ ജോലിയായി...ജോലിത്തിരക്കായി....ഞാനില്ലാതെ ഉത്സവങ്ങൾ പലതും കടന്നു പോയി...
ഇന്ന് ശീതീകരിച്ച മുറിയിൽ ഇരുന്നു ലാപ്ട്ടോപ്പിൽ എന്തെങ്കിലും കുത്തിക്കുറിക്കുമ്പോ മനസ്സ് ഒന്നു വിമ്പുന്നു....
കാലചക്രം പുറകിലേക്ക് കറക്കാൻ...
വീണ്ടും ആ അമ്പലപ്പറമ്പിലെത്തി ബലൂൺ തട്ടിക്കളിക്കാൻ...
രാത്രി കഥകളി കാണാൻ പോയിട്ട് അമ്മയുടെ മടിയിൽ തലവെച്ചുറങ്ങാൻ....
നടക്കില്ലെന്നറിഞ്ഞിട്ടും കാണുന്ന സ്വപ്നങ്ങളുടെ പട്ടികയിലേക്ക് ഇവ കൂടി....


2008ഇൽ ത്യപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിനിടക്ക് എടുത്തത്

2009, മേയ് 14, വ്യാഴാഴ്‌ച

ആ വിളിയും കാത്ത്..



പൊള്ളുന്ന വെയിലത്ത് നടന്നലഞ്ഞു വന്ന നിനക്ക് ഞാൻ തണൽ നൽകി...
അതാണോ ഞാൻ ചെയ്ത തെറ്റ്?
എന്റെ പഴങ്ങൾ നിന്റെ വിശപ്പ് തീർക്കാനായി നീ ഉപയോഗിച്ചില്ല...
പകരം പാകമാവാത്തത് പോലും പറിച്ച് വിറ്റ് നീ നിന്റെ കീശ വീർപ്പിച്ചു
എന്റെ ശാഖകളിൽ ഊഞ്ഞാലാടാനെത്തുന്ന കുഞ്ഞുങ്ങളെ കാത്ത് ഞാനിരുന്നു
ശാഖകൾ അറത്ത് നീ നിന്റെ വീടിന് ജനലും വാതിലുമാക്കി....
ഭൂമി ഉണങ്ങിത്തുടങ്ങിയപ്പോൾ ഒരിറ്റ് വെള്ളത്തിനായുള്ള എന്റെ രോദനം നീ കേട്ടില്ല
തട്ടിപ്പറിച്ച് മാത്രം പരിചയമുള്ള നിനക്ക് കൊടുക്കാൻ എങ്ങനെ തോന്നും?
മനുഷ്യനു വേണ്ടാതായ എന്നെ ദൈവം എങ്കിലും വിളിക്കുമെന്ന് ഞാൻ വിശ്വസിച്ചു..
കാത്തിരിപ്പ് നീളുന്തോറും വിശ്വാസവും ക്ഷയിക്കുന്നു.....

2009, മേയ് 12, ചൊവ്വാഴ്ച

വരൾച്ച




ജലസ്പർശമില്ലാതെ
വരണ്ട് കിടക്കുന്ന ഭൂമി പോലെയാണ് സാന്ത്വനം തേടി അലയുന്ന മനസ്സ്
മഴത്തുള്ളികളെ ഗർഭം പേറി ഉരുണ്ടു കൂടും കാർമേഘങ്ങളെ കാത്തു കിടക്കും മരുഭൂമി പോലെ
ചാരത്തണച്ച് കണ്ണീരൊപ്പാനെത്തുന്ന കരതലങ്ങളെ തേടുന്നു വിമ്പുന്ന ഹ്യദയം
പലപ്പോഴും കാത്തിരിപ്പ് ഒരു ജീവിതകാലം മുഴുവൻ നീളുന്നു......ചിലപ്പോൾ അതു കഴിഞ്ഞും.......

നിമിഷാർദ്ധം



ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ...
കണ്ടു തീരാത്ത സ്വപ്നങ്ങൾ....
ചിറകു തളരാതെ പറക്കുന്ന പ്രതീക്ഷകൾ....
ഇതെല്ലാമടങ്ങുന്ന ജീവനാളത്തെ ഊതിക്കെടുത്താൻ,
വിധിക്കു വേണ്ടത് വെറുമൊരു നിമിഷാർദ്ധം.....



ബാങ്ഗ്ലൂരിൽ നടന്ന ബംഗീ ജമ്പ് അപകടത്തിൽ ജീവൻ വെടിഞ്ഞ ഭാർഗ്ഗവിന്റെ പാവനസ്മരണയ്ക്കു മുന്നിൽ ചിത്രം ഞാൻ സമർപ്പിക്കുന്നു.....

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP